മഹാനായ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ കഥാപാത്രങ്ങളായി ഇനിയും വെള്ളിത്തിരയിൽ വേഷമിടാൻ ആഗ്രഹമുണ്ടെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. ഏതോ ഒരു ശക്തി ഇരുവരും തമ്മിൽ ഒരു അടുപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. എംടി തനിക്ക് ഗുരുതുല്യനാണെന്നും എംടിയുമായുള്ള ബന്ധം വിശദീകരിക്കാൻ കഴിയാത്തതാണെന്നും മമ്മൂട്ടി പറഞ്ഞു. നവതിയിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നവതിയിലേക്ക് കടക്കുന്ന എംടിയ്ക്ക് ആദരമർപ്പിക്കുന്നതിനായി തുഞ്ചൻ പറമ്പിൽ സംഘടിപ്പിച്ച ‘സാദരം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംടി അറിയാതെ തന്നെ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളുമായി മനസ് കൊണ്ടും ശരീരം കൊണ്ടും താരം മാറിയിട്ടുണ്ട്. എം.ടിയെ മലയാളികൾ ആദരിക്കുന്നതിനെക്കാൾ കൂടുതൽ മറ്റ് ഭാഷക്കാർ ആദരിക്കുന്നുണ്ട്. താരത്തിന് ലഭിച്ചിട്ടുള്ള എല്ലാം പുരസ്‌കാരവും എം ടി എന്ന ഗുരുവിനുള്ള ദക്ഷിണയാണ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ ആർത്തിയോടെ കാത്തിരിക്കുകയാണ് താനെന്നും മമ്മൂട്ടി വ്യക്തമാക്കി. കൂടാതെ നവതി സമ്മാനമായി എം ടിക്ക് ബ്രേസിലേറ്റും മോതിരവും മമ്മൂട്ടി നൽകി.
അതേസമയം എംടിയുടെ ജീവിതം മലയാള ഭാഷയ്ക്കും സംസ്‍കാരത്തിനും എന്നും മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സാംസ്കാരിക വകുപ്പും തുഞ്ചൻ ട്രസ്റ്റും സംയുക്തമായാണ് ‘സാദരം’ പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പൊന്നാട അണിയിച്ച് എംടിയെ ആദരിച്ചു. തുടർന്ന് തുഞ്ചൻ ട്രെസ്റ്റിന്റെ ചുമതല എംടി ഏറ്റെടുത്തു. ജീവിതത്തിലെ അപൂർവ സംഭവങ്ങളിൽ ഒന്നാണ് ‘സാദരം’ പരിപാടിയെന്ന് എംടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. എല്ലാവരുടെയും കൃതജ്ഞത കൊണ്ടാണ് ഇന്നും അദ്ദേഹം നില നിൽക്കുന്നത്. ഭാഷാ പിതാവിന്റെ പേരിൽ എന്നും ഓരോരുത്തരുടെയും പേര് സജീവമായി നിലനിൽക്കണം. എല്ലാവരുടെയും സ്‌നേഹം സൗഭാഗ്യമാണെന്നും എം ടി പറഞ്ഞു.