വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ്റെ വിയോഗത്തിൽ ദു:ഖം പങ്കുവെച്ച് നടൻ മമ്മൂട്ടി. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറത്താണെന്നും ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും സഹനത്തിന് ശക്തി ലഭിക്കട്ടെയെന്നും മമ്മൂട്ടി സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
“ജെൻസൻ്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ, ശ്രുതിക്കും ജെൻസൻ്റെ പ്രിയപ്പെട്ടവർക്കും” എന്നാണ് മമ്മൂട്ടി കുറിച്ചത്.
വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ വെച്ച് ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസനും ശ്രുതിക്കും പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മുതൽ വെൻ്റിലേറ്ററിലായിരുന്ന ജെൻസന്റെ നില കൂടുതൽ ഗുരുതരമാകുകയും രാത്രിയോടെ ജെൻസൺ ശ്രുതിയെയും കുടുംബക്കാരെയും തനിച്ചാക്കി യാത്രയാകുകയായിരുന്നു. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് വാഹനാപകടം.