ഷാർജയിൽ എൻജിനീയറായ മലയാളി യുവതി ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണു മരിച്ചത്. വീട്ടിലെ കുളിമുറിയിൽ നിന്നാണ് നീതുവിന് ഷോക്കേറ്റത്.
ഭർത്താവ് വിശാഖ് എൻജിനീയറാണ്. തൃശൂർ അയ്യന്തോൾ സ്വദേശിയാണ് നീതു. അഞ്ചു വയസ്സുള്ള നിവിഷ് കൃഷ്ണയാണ് ഇവരുടെ മകൻ. ഇവർ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഇലക്ട്രിക് ജോലികൾ നടക്കുന്നുണ്ടായിരുന്നു. കുളിമുറിയിലെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു എന്നാണ് നാട്ടിൽ ലഭിച്ച വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയിൽ എത്തിച്ചതിന് ശേഷം മുളങ്കാടകം പൊതുശ്മശാനത്തിൽ സംസ്കരിക്കും.