കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ലോറിയടക്കം കാണാതായ മലയാളി യുവാവ് അർജുനായുളള കാത്തിരിപ്പ് തുടരുന്നു. അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുന്നു.
നാലു ദിവസം പിന്നിട്ടിട്ടും മണ്ണിനടിയിൽപെട്ടുവെന്ന് കരുതുന്ന ലോറി പോലും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്നാണ് കർണാടക സർക്കാറിനെതിരേയുളള ആരോപണം. സംഭവത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരും കർണാടകയെ സമീപിച്ചിട്ടുണ്ട്.
ദേശീയപാത 66ൽ അങ്കോളയ്‌ക്കടുത്ത് ഷിരൂരിലാണ് അപകടമുണ്ടായത്. ജിപിഎസ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ ലോറിയുള്ളതായി സൂചന ലഭിച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സ്ഥലം കേന്ദ്രീകരിച്ച് ടിപ്പർ ലോറികളിൽ മണ്ണ് നീക്കുകയാണിപ്പോൾ.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ് മണ്ണിടിച്ചിലുണ്ടായത്. എന്നാൽ 73 മണിക്കൂർ കഴിഞ്ഞാണ് അർജുനെ കാണാതായ വിവരം ശ്രദ്ധയിൽപ്പെടുന്നത്. അതേസമയം ബംഗളൂരുവിൽ നിന്നെത്തിയ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സും പൊലീസും വ്യാഴവും വെള്ളി ഉച്ചവരെയും സമീപത്തെ ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.