രണ്ട് ദിവസം മുമ്പ് ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒരു മലയാളിയും. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന സ്വദേശി മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി – 48) ആണ് മരിച്ചത്. ഇതോടെ മരണ സംഖ്യ രണ്ടായി ഉയർന്നു.
ദോഹയിലെ അല്‍ മന്‍സൂറയില്‍ ബുധനാഴ്ച രാവിലെയാണ് നാലുനില കെട്ടിടം തകര്‍ന്നുവീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. മുഹമ്മദ് ഫൈസലിൻ്റെ മൃതദേഹം ഹമദ് മെഡിക്കല്‍ കോര്പറേഷന് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.
ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഫൈസല്‍ രണ്ട് വര്‍ഷം മുമ്പാണ് ഖത്തറിലെത്തിയത്. ഖത്തറിലെ അറിയപ്പെടുന്ന ഗായകനും ചിത്രകാരനുമായുന്നു മുഹമ്മദ് ഫൈസല്‍. ബുധനാഴ്ച മുതല്‍ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തുകയായിരുന്നു.
പാറപ്പുറവന്‍ അബ്ദുസ്സമദ് ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ റബീന. മക്കള്‍ റന, നദ, മുഹമ്മദ് ഫെബിന്.