ഒരുപാട് സ്വപ്നങ്ങളുമായി ദുബായിലെത്തിയതാണ്. അപ്രതീക്ഷിതമായി രോഗബാധിതനായതിനേത്തുടർന്ന് മരണത്തിന് കീഴടങ്ങി. എന്നാൽ ഇപ്പോൾ ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകാൻ തയ്യാറാകുന്നില്ല. എന്തുചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം കണ്ണീരോടെ നാട്ടിൽ കാത്തിരിക്കുകയാണ്.
ഗുരുവായൂർ സ്വദേശിയായ കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ്‌കുമാർ (59) ആണ് ഏപ്രിൽ 22ന് ദുബായിൽ വെച്ച് മരണപ്പെട്ടത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സുരേഷ്‌കുമാർ ഏപ്രിൽ 5നാണ് പനിയെ തുടർന്ന് ദുബായിലെ സൗദി ജർമൻ ഹോസ്‌പിറ്റലിൽ ചികിത്സ തേടിയെത്തിയത്. ആരോഗ്യവാനായി സുഹൃത്തിനൊപ്പം ആശുപത്രിയിലേക്ക് നടന്നുപോയ സുരേഷ്‌കുമാറിന് അധികം വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തിന് സംസാരിക്കാനും കഴിയാതെയായി.
പിന്നീടുള്ള 14 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന സുരേഷ്‌കുമാർ 22ന് മരണപ്പെടുകയായിരുന്നു. അതേസമയം സുരേഷ്കുമാറിന്റെ ചികിത്സയ്ക്കായി ചിലവായ തുക അടച്ചെങ്കിൽ മാത്രമേ മൃതദേഹം വിട്ടുനൽകുകയുള്ളുവെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. വലിയ തുകയുടെ ബില്ലായതിനാൽ സുഹൃത്തുക്കൾക്കും കുടുംബത്തിനും അത് താങ്ങാവുന്നതിലും അപ്പുറത്താണ്. ഇതോടെ സുരേഷ്‌കുമാറിന്റെ ഭാര്യ സുപ്രിയ പല പ്രവാസി സംഘടനകളെയും ഇക്കാര്യം അറിയിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും കൃത്യമായ മറുപടി ഇതുവരെ ഒരു സ്ഥലത്തുനിന്നും ലഭിച്ചില്ല.
ഭാര്യയും മൂന്ന് മക്കളും ഉൾപ്പെട്ടതാണ് സുരേഷ്‌കുമാറിന്റെ കുടുംബം. രണ്ടാഴ്ച കഴിഞ്ഞാൽ നാട്ടിൽ എത്തുമെന്ന് മക്കളോട് ഉറപ്പ് പറഞ്ഞ ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് പോയതും. എന്നാൽ ഇപ്പോൾ അച്ഛന്റെ മൃതദേഹം പോലും ഒരുനോക്ക് കാണാൻ സാധിക്കുന്നില്ലെന്ന ദു:ഖത്തിലാണ് ആ മക്കൾ. കരുണയുള്ളവർ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിൽ കണ്ണീരോടെ കാത്തിരിക്കുകയാണ് നാട്ടിൽ ഒരു കുടുംബം.