സൗദി അറേബ്യയിൽ നിന്ന് അവധിക്കായി നാട്ടിൽ പോയ യുവാവ് പനി ബാധിച്ച് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി മുഹമ്മദ് ഷബീർ(35) ആണ് മരിച്ചത്. പനിയും മഞ്ഞപ്പിത്തവും മൂർഛിച്ച ഷബീറിനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.
പത്ത് വർഷത്തോളമായി ദമ്മാമിലെ ഇസാം കബ്ബാനി കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബത്തോടൊപ്പം ദമാമിൽ താമസിച്ചുവന്നിരുന്ന ഷബീർ ഒരു മാസം മുമ്പാണ് അവധിക്കായി നാട്ടിലെത്തിയത്. കായിക സാമൂഹ്യ രംഗത്തെ നിറസാന്നിധ്യം കൂടിയാണ് ഷബീർ.
വഴിക്കടവ് പുന്നക്കൽ സ്വദേശി വൽപറമ്പൻ അബൂബക്കർ-ഷാഹിന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷബീർ. ഷഹാമയാണ് ഭാര്യ. എൽ.കെ.ജി വിദ്യാർത്ഥി മുഹമ്മദ് ഷെസിൻ ഏകമകനാണ്.