കർണാടക അങ്കോളയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കാണാതായിട്ട് 4 ദിവസം. അപകടം നടന്നതിന് ശേഷം ലോറിയുടെ ജിപിഎസ് സംവിധാനം പരിശോധിച്ചപ്പോൾ മണ്ണിനടിയിലാണ് ലൊക്കേഷൻ കാണിക്കുന്നത്. ലോറിയിൽ തടി കയറ്റി വരികയായിരുന്നു കോഴിക്കോട് സ്വദേശിയായ അർജുൻ. അതേസമയം, ഫോൺ ഇടയ്ക്കിടെ സ്വിച്ച് ഓഫാകുകയും റിങ് ചെയ്യുകയും ചെയ്യുന്നുണ്ട്. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും മറ്റ് കുടുംബാംഗങ്ങളും.
കഴിഞ്ഞ 16-ാം തീയതി രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. ഈ സമയത്ത് അർജുൻ വണ്ടിയിൽ ഉറങ്ങുകയായിരുന്നോ അതോ വണ്ടി അവിടെ വച്ച് എവിടെയെങ്കിലും പോയതാണോ എന്നറിയില്ല. അന്ന് 11 മണിക്ക് ശേഷം അർജുൻ്റെ അമ്മ വിളിക്കുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സാധാരണ 11 മണിയോടെ അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു വരുന്നതാണ്. അന്ന് പുലർച്ചെ 4 മണിയ്ക്ക് വിളിച്ചപ്പോഴും മടങ്ങിവരുമെന്നാണ് പറഞ്ഞിരുന്നത്.
സാധാരണ ഗതിയിൽ ലോറി എവിടെയാണ് എന്നറിയാൻ ജിപിഎസ് പരിശോധിക്കാറുണ്ട്. അന്നും അങ്ങനെ ചെയ്‌തപ്പോഴാണ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ലോറിയുള്ളതെന്ന് മനസിലായത്. ഉടൻ ലോറി ഉടമ ഉൾപ്പെടെയുള്ളവർ അങ്കോള പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എന്നാൽ നാല് ദിവസമായിട്ടും പരാതിയിൽ നടപടിയുണ്ടായിട്ടില്ല. നിലവിൽ റോഡിലെ മണ്ണ് വശങ്ങളിലേക്ക് മാറ്റി ദേശീയപാതയിൽ ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടക്കുന്നത്. ഇപ്പോഴും മണ്ണിനടിയിലാണ് ലോറിയുടെ ജിപിഎസ് കാണിക്കുന്നത്.
അപകടമുണ്ടായതിന് പിന്നാലെ രണ്ടു ദിവസമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ ഇന്നലെ അർജുന്റെ ഭാര്യ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തിരുന്നു. പക്ഷേ, ഫോൺ എടുത്തില്ല. പിന്നെയും ഫോൺ സ്വിച്ച് ഓഫ് ആയി. വീണ്ടും ഇന്ന് രാവിലെ ഫോൺ ഓൺ ആകുകയും വീണ്ടും സ്വിച്ച് ഓഫാകുകയും ചെയ്തു. എസി ഓൺ ചെയ്ത് ഫുൾ കവർ ചെയ്‌ത വണ്ടിയായതിനാൽ മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ലെന്നും അങ്ങനെയാണെങ്കിൽ അർജുനെ ജീവനോടെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലുമാണ് കുടുംബം.