യുഎഇയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്. ആലപ്പുഴ കരുവാറ്റ സ്വദേശി എബി എബ്രഹാമിൻ്റെ കുടുംബത്തിനാണ് 47 ലക്ഷത്തോളം രൂപ( 2,60,000 ദിർഹം ) നഷ്ടപരിഹാരം ലഭിക്കുക.
അപകടം സംഭവിച്ച ബസിൻ്റെ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കോടതി ഉത്തരവിൽ പറയുന്നു. 2020 ജൂലായ് 12ന് എബി ഉൾപ്പെടെ 14 പേർ സഞ്ചരിച്ചിരുന്ന മിനി ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം സിമൻ്റ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്. ദുബായ് ഷെയ്ഖ് സായിദ് അൽ മനാറ പാലത്തിലാണ് സംഭവം.
എബിയും മറ്റൊരു യാത്രക്കാരനും അപകടത്തിൽ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പാക് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്ത് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനല്ലെന്നുകണ്ട് ഇയാളെ പിന്നീട് വിട്ടയച്ചു. ദുബായിലെ സാമൂഹികപ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയുടെ നിയമപോരാട്ടത്തിന് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ വിധി കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc