ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് സന്തോഷത്തിന്റെ സുദിനമാണ്. രാജ്യം അഭിമാനത്തോടെ കാത്തിരിക്കുന്ന ഗഗൻയാൻ നാലംഗ സംഘത്തിൽ മലയാളിയും ഇടംപിടിച്ചു. പാലക്കാട് നെൻമാറ സ്വദേശിയായ ക്യാപ്റ്റൻ പ്രശാന്ത് ബി.നായരാണ് കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ മലയാളി.
ഗ്രൂപ്പ് ക്യാപ്റ്റൻമാരായ അജിത് കൃഷ്ണൻ, അങ്കദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങൾ. ‘സുഖോയ്’ യുദ്ധവിമാനത്തിന്റെ പൈലറ്റായ പ്രശാന്ത് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാണ്. നെൻമാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി.
യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കിയിട്ടുണ്ട്. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ടെസ്റ്റ് പൈലറ്റുമാർ പ്രശാന്ത് ബി.നായരുടെ നേതൃത്വത്തിൽ ഒന്നര വർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ ഹ്യൂമൻ സ്പേസ് സെന്ററിലും പരിശീലനം പൂർത്തിയാക്കി. ഗഗൻയാൻ ദൗത്യത്തിനായി നൂറു കണക്കിനുപേരെ പ്രാഥമിക ആരോഗ്യ-ശാരീരിക പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. കർശന പരിശോധനകളിൽ മിക്കവരും പരാജയപ്പെട്ടു. തുടർന്നുണ്ടാക്കിയ ചുരുക്കപ്പട്ടികയിൽനിന്നാണ് പ്രശാന്ത് ഉൾപ്പെടെ നാല് വ്യോമസേനാ പൈലറ്റുമാരെ അന്തിമമായി തിരഞ്ഞെടുത്തത്.