റിയാദിലെ സൂപ്പർ മാർക്കറ്റുകളില്‍ വിലകൂടിയ സാധനത്തിന് മേൽ വില കുറഞ്ഞ സാധനങ്ങളുടെ പ്രൈസ് സ്റ്റിക്കർ പതിച്ച് തട്ടിപ്പിന് ശ്രമിച്ച മലയാളികൾ കുടുങ്ങി. സൂപ്പർ മാർക്കറ്റിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടത്തുന്നവരെ അധികൃതർ കണ്ടെത്തിയത്.
അതേസമയം വ്യാപാര സ്ഥാപനങ്ങളിലും മറ്റും വില പരസ്പരം മാറ്റി തട്ടിപ്പ് നടത്തി പണം ലാഭിക്കാൻ ശ്രമിച്ച് ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒട്ടേറെ പേർ ജയിലിലാണ്. സ്റ്റിക്കർ മാറ്റി പതിപ്പിച്ച സംഭവങ്ങളെ കൂടാതെ പണം നൽകാതെ സാധനങ്ങളുമായി മുങ്ങുന്നതുമായ നിരവധി സംഭവങ്ങള്‍ അടുത്തിടെ സൗദിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മലയാളികളടക്കമുള്ളവർ ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമായി ശിക്ഷിക്കപ്പെടുന്ന സംഭവങ്ങൾ പ്രവാസി സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് പ്രമുഖ സൂപ്പർ മാർക്കറ്റിൽ ഒരു മാസം മുന്‍പ് ഒരു മലയാളി ഡ്രൈവർ പുതിയ വാച്ച് പോക്കറ്റിലിട്ട് പുറത്തിറങ്ങിയപ്പോൾ സുരക്ഷാ ജീവനക്കാർ പിടികൂടിയിരുന്നു. കൂടാതെ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ലക്ഷങ്ങൾ ശമ്പളമുള്ള ഒരു മലയാളി ഉദ്യോഗസ്ഥൻ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുകയും തുണിത്തരത്തിലെ സ്റ്റിക്കർ ഇളക്കി മാറ്റി പകരം കുറഞ്ഞ തുകയുള്ള തുണിത്തരത്തിന്റെ സ്റ്റിക്കർ പതിപ്പിച്ചതിനെ തുടർന്ന് പിടിക്കപ്പെടുകയും ചെയ്തിരുന്നു.