ഇലക്ഷൻ ചൂടിലാണ് രാജ്യം. വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ ശക്തരായ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്ഥാനാർഥികളുടെ മൂന്നാം ഘട്ട പട്ടിക ഇന്ന് പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ബിജെപി നേതൃത്വം മേജർ രവിയുമായി ചർച്ചകൾ നടത്തി. കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിലുണ്ട്. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുവെന്നാണ് സൂചന.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു. നിതിൻ ഗഡ്കരി അടക്കമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ കേരളത്തിലെ സ്ഥാനാര്‍ത്ഥികൾക്കായി ഇനിയും കാത്തിരിപ്പ് തുടരും. കേരളത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപി നേതൃത്വങ്ങൾ പറഞ്ഞത്.