തമിഴ്നാട് മധുരയിൽ ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. രാമലിംഗം എന്നയാൾ സമർപ്പിച്ച ഹർജിയാണ് രൂക്ഷ വിമർശനം ഉന്നയിച്ച് മധുര ബെഞ്ച് തള്ളിയത്.
ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂർ നമസ്കരിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു.
മധുരയിൽ മുരുക ക്ഷേത്രത്തോടു ചേർന്നിരിക്കുന്ന തിരുപറകുന്ദ്രം ദർഗയിലെ നമസ്കാരം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തിരുപ്പരകുണ്ട്രം ദർഗയിലെ നമസ്കാരം, അടുത്തുള്ള മുരുകൻ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്ക് തടസ്സമെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ദർഗയിലെ അര മണിക്കൂർ നമസ്കാരം കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ കോടതി, ഇന്ത്യ മതേതരരാജ്യമാണെന്നും വ്യക്തമാക്കി. വിഷയത്തിലെ അഭിപ്രായം അറിയിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പിനോട് കോടതി നിർദ്ദേശിച്ചു.