ആധുനികതയിലേക്ക് അതിവേഗം കുതിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. എന്നാൽ പഴമയേയും പൈതൃകത്തേയും പ്രകൃതിയേയും സംരക്ഷിക്കുന്നതിൽ മുൻനിരയിലുമാണ്. അതുകൊണ്ടുതന്നെയാണ് ജനങ്ങൾക്ക് സൈക്ക്ലിംഗ് സൌകര്യങ്ങൾ ഒരുക്കുകയും പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നത്.
ബൈക്ക് അബുദാബി പദ്ധതിയുടെ കീഴിൽ നടപ്പാക്കിയ മഅൽ ദഫ്‌റ മേഖലയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. അബുദാബി സ്പോർട്സ് കൗൺസിൽ, അബുദാബി സൈക്ലിംഗ് ക്ലബ് എന്നിവരുമായി സഹകരിച്ച് കൊണ്ട് അൽ ദഫ്‌റ മുനിസിപ്പാലിറ്റി പദ്ധതി നടപ്പിലാക്കുകയായിരുന്നു
17 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് സൈക്ലിംഗ് പാത. പുറമെ ഈ സൈക്ലിംഗ് ട്രാക്കിൽ 3 കിലോമീറ്റർ നീളത്തിലുള്ള ഒരു മൗണ്ടൈൻ ട്രാക്കുമുണ്ട്. കാഴ്ചകളും പ്രകൃതിയും ആസ്വദിച്ച് യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. ഉദ്ഘാടനത്തിനെത്തിയ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ മദിനത് സായിദ് ഒയാസിസ് പാർക്കിലൂടെ പര്യടനവും നടത്തി.
സൈക്ലിംഗ് ട്രാക്ക് ഉപയോഗിക്കാനെത്തുന്നവർക്കായി നൂറ് വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് ഏരിയയും സോളാർ പവറിൽ പ്രവർത്തിക്കുന്ന 550 ലൈറ്റുകളും ഉൾപ്പെടെ മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.