മദീന നഗരത്തെ പറന്ന് കാണാൻ ജിറോകോപ്ടറുകൾ എത്തുന്നു. ഹെലികോപ്റ്ററിന്റെ ചെറുപതിപ്പുകളാണ് ജിറോകോപ്റ്ററുകൾ. ഇതിൽ യാത്രക്കാരെ കയറ്റി മദീന നഗരത്തിന് മുകളിൽ പറന്നുകൊണ്ട് കാഴ്ചകൾ ആസ്വദിക്കാനുള്ള ടൂർ സൗകര്യമാണ് ഒരുങ്ങുന്നത്. റിയാദിൽ സമാപിച്ച സൗദി ടൂറിസം ഫോറത്തിൽ ഇതിനാവശ്യമായ കരാറുകളിൽ മദീന മേഖല വികസന അതോറിറ്റി ഒപ്പുവച്ചു.
ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് മദീനയുടെ സമ്പന്നമായ ചരിത്രപരവും ഇസ്ലാമികവും സാംസ്കാരികവുമായ മാനം ഉയർത്തിക്കാട്ടുക. കൂടാതെ നഗരത്തിന്റെ സവിശേഷതകളെ വിനോദ സഞ്ചാരികളിലേക്ക് എത്തിക്കുകയാണ് കരാറിലുടെ മദീന മേഖല വികസന അതോറിറ്റിയുടെ ഡെസ്റ്റിനേഷൻ ഡെവലപ്മെൻറ് ഓഫിസ് ലക്ഷ്യമിടുന്നത്.
വിഷൻ 2030’ന്റെയും തീർഥാടകർക്ക് സേവനം ഒരുക്കുന്നതിനുള്ള പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ‘മദീന ടൂർസ്’ എന്ന പേരിൽ പുതിയ ടൂർ സൗകര്യം ഒരുങ്ങുന്നത്. ഇതിന്റെ ഓപറേഷന് കരീം കമ്പനിയുമായാണ് ആദ്യ കരാർ ഒപ്പിട്ടിരിക്കുന്നത്. മദീനയിലെ സുപ്രധാനമായ ചരിത്ര, സാംസ്കാരിക പ്രാധാന്യമുള്ള 12 പൗരാണികസ്ഥലങ്ങൾ സന്ദർശിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് മദീന ടൂർസ് സേവനം. പൊതുനിക്ഷേ ഫണ്ടിന്റെ പൂർണയുടമസ്ഥതയിലുള്ള കമ്പനികളിലൊന്നായ സൗദി ക്രൂയിസ് കമ്പനിയുമായാണ് മറ്റൊരു കരാർ. ചരിത്രപ്രസിദ്ധമായ മദീനയിലെ ടൂറിസം മേഖലയിൽ സാമ്പത്തിക വികസനം മെച്ചപ്പെടുത്താനും നഗരത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും സുഗമമാക്കാനും സന്ദർശകരുടെ അനുഭവം സമ്പന്നമാക്കാനും ഈ ടൂർ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും 2030ഓടെ 15 കോടി ടൂറിസ്റ്റുകളെയും സന്ദർശകരെയും സ്വീകരിക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിനുള്ള പിന്തുണയായാണ് ഈ നടപടി. മാത്രമല്ല, നഗരത്തിൽ ജിറോകോപ്ടർ ടൂറുകൾ സജീവമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നിരവധി ദേശീയ വ്യോമയാന കമ്പനികളുമായി ബന്ധം സ്ഥാപിക്കാനും ഡെസ്റ്റിനേഷൻ ഡെവലപ്മെൻറ് ഓഫിസിന് സാധിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെയും വ്യോമയാന അനുഭവത്തിൽ താൽപര്യമുള്ളവരെയും മദീനയിലേക്ക് ആകർഷിക്കാനും അവർക്ക് വിശേഷവും നൂതനവുമായ അനുഭവം നൽകാനും ജിറോകോപ്ടർ ടൂറുകൾ സഹായിക്കും.