വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ കാരണം ക്വാറികളും അനധികൃത നിർമ്മാണവുമാണെന്ന് തുറന്നുപറഞ്ഞ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ. പരിസ്ഥിതിയെ മറന്നുള്ള നിർമ്മാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു. അതോടൊപ്പം അനധികൃത റിസോർട്ടുകളുടെ നിർമ്മാണങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
2019 ഓഗസ്റ്റ് 8ന് പുത്തുമലയിൽ ഉരുൾപൊട്ടിയ സാഹചര്യത്തിൽ ഇനിയൊരു ദുരന്തമുണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്ന് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതോടൊപ്പം പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്നും അതിന് വെറും നാലോ അഞ്ചോ വർഷം മതിയാകുമെന്നും ഗാഡ്ഗിൽ അന്ന് മുന്നറിയിപ്പു നൽകിയിരുന്നു.