സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു. ‘ഡെസേർട്ട് ഡ്രീം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മധ്യപൂർവേഷ്യൻ-ഉത്തരാഫ്രിക്കൻ മേഖലയിലെ ആദ്യ ആഡംബര ട്രെയിൻ സർവീസാണിത്. സൗദി റെയിൽവേ കമ്പനിയും ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദരുമായ ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പും പദ്ധതിയുടെ ഭാഗമായുള്ള കരാറിൽ ഒപ്പുവെച്ചു. 40 ലക്ഷ്വറി കാബിനുകൾ അടങ്ങുന്ന ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ ഈ വർഷം അവസാനം പ്രവർത്തന സജ്ജമാകും. സീറ്റ് ബുക്കിങ് ഈ വർഷം അവസാനം മുതൽ സ്വീകരിച്ച് തുടങ്ങും. 2025 ന്റെ അവസാന പാദത്തിൽ ആയിരിക്കും ഓടി തുടങ്ങുക.
ആദ്യ സർവീസ് തലസ്ഥാനമായ റിയാദിലെ നോർത്ത് ട്രെയിൻ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഹാഇൽ വഴി ഖുറയ്യാത്ത് ട്രെയിൻ സ്റ്റേഷനിൽ അവസാനിക്കുന്ന വിധത്തിലാണ് സജ്ജീകരിക്കുക. അതേസമയം ആഡംബര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് രാജ്യത്തെ ഗതാഗത മാർഗങ്ങളിലേക്ക് ഗുണനിലവാരമുള്ള സേവനങ്ങളും അധിക ഓപ്ഷനുകളും ചേർക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും ‘സാർ’ ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചിനിയർ സ്വാലിഹ് അൽജാസർ പറഞ്ഞു.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ സംരംഭങ്ങളിലൊന്നാണ് ഈ കരാർ. മാത്രമല്ല, റെയിൽവേ ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തിന് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയെയും മന്ത്രി പ്രശംസിച്ചു. ഗതാഗത പാറ്റേണുകൾ വികസിപ്പിക്കുന്നതിനും ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങളും ഈ മേഖലയിലെ വിവിധ കക്ഷികളും തമ്മിലുള്ള സഹകരണത്തെ അഭിനന്ദിക്കുന്നുവെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
ഡെസേർട്ട് ഡ്രീം ട്രെയിനിന്റെ പ്രാരംഭ നിർമ്മാണ ഘട്ടങ്ങൾ ഇറ്റലിയിൽ ആരംഭിച്ചതായി ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ പൗലോ ബാർലെറ്റ അറിയിച്ചു. ‘ഡെസേർട്ട് ഡ്രീം’ട്രെയിനിൽ ആഴ്സനാലെ കമ്പനി ഇരുനൂറ് മില്യൺ റിയാലിലധികമാണ് നിക്ഷേപിച്ചിരിക്കുന്നത്. ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ആഡംബര യാത്ര,ഇൻറർനാഷണൽ ഹോട്ടൽ ആൻഡ് റിസോർട്ട് മാനേജ്മെൻറ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയാണിത്.