ഖത്തറിലെ ലുസെയ്ൽ വിന്റർ വണ്ടർലാൻഡ് നവംബർ ഒന്നിന് തുറക്കും. അൽ മഹ ഐലന്റിലെ ലുസെയ്ൽ വിന്റർ വണ്ടർലാൻഡ് തീം പാർക്ക് ശൈത്യകാല വിനോദ കാഴ്ചകളിലെ പ്രധാന ആകർഷണമാണ്. സന്ദർശകർക്കായി പുതിയ റൈഡുകൾ അവതരിപ്പിച്ചാണ് പാർക്ക് വീണ്ടും തുറക്കുന്നത്. കഴിഞ്ഞ നവംബറിലാണ് അവസാനമായി വണ്ടർലാൻഡ് തുറന്നത്.
ഒരു ലക്ഷം ചതുരശ്രമീറ്ററിലാണ് തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കഴിയുന്ന രീതിയിലാണ് പാർക്ക് തയ്യാറാക്കിയിരിക്കുന്നത്. റോളർ കോസ്റ്റർ, 53 മീറ്റർ ഉയരമുള്ള ഭീമൻ ഫെറിസ് വീൽ, ഖത്തർ എയർവേയ്സിന്റെ ഫെസ്റ്റീവ് ഫോറസ്റ്റ് തുടങ്ങി 50-ലധികം റൈഡുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സാഹസിക റൈഡുകൾക്ക് പുറമെ തത്സമയ പരിപാടികളും വിനോദ പരേഡുകളുമെല്ലാം ഉൾപ്പെടുത്തിയാണ് വണ്ടർലാൻഡിന്റെ പ്രവർത്തനം. ഇഷ്ടമുള്ള റൈഡിൽ ഒന്നിലധികം തവണ കയറാനുള്ള അവസരവുമുണ്ടാകും.
അൽമഹ ഐലൻഡിൽ നാമോസ് ബീച്ച് ക്ലബ്, 6 വിഖ്യാത ഇന്റർനാഷണൽ റസ്റ്റോറന്റുകൾ ഉൾപ്പെടുന്ന ഹൈ എൻഡ് ഡിസ്ട്രിക്ട്, 7,000 പേർക്ക് ഇരിക്കാവുന്ന കൺസെർട്ട് വേദി തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാം പാർക്കിലുണ്ട്. പാർക്ക് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വണ്ടർലാൻഡിന്റെ വെബ്സൈറ്റിൽ നിന്ന് പ്രവേശന ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാനും സാധിക്കും.