സൗദി അറേബ്യയിൽ റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മക്കയിൽ വെച്ച് ഒപ്പിട്ടു.
മക്ക ജബൽ ഒമറിലെ സുഖുൽ ഖലീൽ 3-ൽ ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത് ജബൽ ഒമർ ഡെവലപ്മെൻ്റ് കമ്പനിയാണ്. ഏഴ് ഘട്ടങ്ങളിലായാണ് ഇതിന്റെ പ്രവർത്തനം പൂർത്തിയാക്കുക. മദീനയിലാരംഭിക്കുന്ന ലുലു സംരംഭത്തിന് അൽ മനാഖ അർബൻ പ്രൊജക്ട് ഡെവലപ്മെന്റ് കമ്പനിയാണ് നേതൃത്വം വഹിക്കുന്നത്. മദീനയിലെ ഹൈപ്പർമാർക്കറ്റ് 23,260 ചതുരശ്ര അടി വിസ്‌തൃതിയിലായിരിക്കും നിർമ്മിക്കുക.
സൗദിയിലെ വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിലായി 1,100 സൗദി വനിതകളുൾപ്പെടെ മൊത്തം 3,300 സൗദികൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതിന് പുറമെ മറ്റ് രാജ്യക്കാരും ജോലി ചെയ്തുവരുന്നുണ്ട്. പുതിയ പദ്ധതികൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.