മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലു ഗ്രൂപ്പിന്റെ ഓഹരികൾ വില്പനയ്ക്ക്. റിയാദിലും അബുദാബിയിലും ഇരട്ട ലിസ്റ്റിങ്ങിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഏകദേശം 1 ബില്യൻ ഡോളർ സമാഹരിക്കുന്നതിനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുതെന്നാണ് റിപ്പോർട്ട്.
ലിസ്റ്റിങ്ങിൽ ഉൾപ്പെടുത്തേണ്ട പ്രവർത്തനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്ന ഉടൻ ഐപിഒ തീയതി പ്രഖ്യാപിക്കും. ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപക സമാഹരണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ജിസിസി, ഈജിപ്ത് എന്നിവിടങ്ങളിൽ ഉടനീളമുള്ള 80 പുതിയ ഹൈപ്പർമാർക്കറ്റുകളുടെ വാണിജ്യ വികസനത്തിനാണ് പ്രാഥമിക ഓഹരി വില്പന നടത്തുന്നത്. കൂടാതെ സപ്ലൈ ചെയിൻ നെറ്റ്‌വർക്കുകളും ഇ-കൊമേഴ്സ് ശൃംഖലയും ശക്തമാക്കാനും തീരുമാനമുണ്ട്.
ഇതിനുപുറമെ ഹോസ്‌പിറ്റാലിറ്റി, റിയൽ എസ്‌റ്റേറ്റ്, കാർഷിക, ഭക്ഷ്യ ഉല്പന്നങ്ങളുടെ കയറ്റുമതി, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നീ മേഖലകളിലെ പ്രവർത്തനവും ലുലു ഗ്രൂപ്പ് കൂടുതൽ മെച്ചപ്പെടുത്തും. ഏകദേശം എട്ട് ബില്യൻ ഡോളർ വാർഷിക വരുമാനമുള്ള ലുലുവിൻ്റെ വരവ്, ഓഹരി വിപണിക്ക് ഉണർവ് പകരുമെന്നാണ് വിലയിരുത്തൽ.