പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ് ഇൻ്റര്‍നാഷണലിൻ്റെ പ്രാരംഭ ഓഹരികൾ (IPO) ഉടൻ വിൽപ്പനയ്ക്കെത്തും. ഓഹരി വിൽപനയ്ക്ക് മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോൾഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു.
മോലീസ് ആന്‍ഡ് കോ ആയിരിക്കും ധനകാര്യ ഉപദേശകരെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബാങ്കുകളോ ലുലു ഗ്രൂപ്പോ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ 2024ൻ്റെ രണ്ടാംപകുതിയില്‍ ഐപിഒ വില്‍പന ആരംഭിക്കാനാണ് ശ്രമങ്ങള്‍. യുഎഇയിലെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനു പുറമേ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുളിലുമായി ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ലക്ഷ്യം വയ്ക്കുന്നത്. ഐപിഒ പുറത്തിറക്കുന്നതിലൂടെ ഏകദേശം 16,700 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാകുമെന്നാണ് ലുലുവിൻ്റെ കണക്കുകൂട്ടൽ.
2020ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 ബില്യണ്‍ ഡോളറാണ് (ഏകദേശം 41,700 കോടി രൂപ) ലുലു ഗ്രൂപ്പിൻ്റെ മൂല്യം. അതേസയമം ലുലുവിൻ്റെ ഇരുപത് ശതമാനം ഓഹരികൾ അബുദാബി രാജകുടുംബത്തിൻ്റ പക്കലാണുളളത്. 2025 ആകുമ്പോഴേക്കും 603 കോടി ഡോളറിൻ്റെ നിക്ഷേപം വിവിധ രാജ്യങ്ങളിലായി ലുലു ലക്ഷ്യമിടുന്നുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം വർഷാവസാനത്തോടെ ഉണ്ടാകും.
ഇരുപതിലേറെ രാജ്യങ്ങളിലായി 260ലധികം ഔട്ട്‌ലെറ്റുകളാണ് ലുലുവിനുളളത്. ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവയുമുണ്ട്. ഇന്ത്യക്ക് പുറമെ ജി.സി.സി രാഷ്ട്രങ്ങളിലും ഈജിപ്റ്റിലും യൂറോപ്പ് ഉൾപ്പടെ മറ്റിടങ്ങളിലും സാന്നിദ്ധ്യം വിപുലമാക്കാനാണ് ലുലുവിൻ്റെ നീക്കങ്ങൾ.