യുഎഇ എല്ലാവരുടെയും സ്വപ്നഭൂമിയാണ്. മികച്ച ജീവിത നിലവാരവും വേതനവുമൊക്കെയാണ് അതിനുള്ള പ്രധാന കാരണങ്ങൾ. എന്നാൽ യുഎഇയിലെത്തിയതിന് ശേഷം പലരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇടതൂർന്ന മുടിയിഴകൾ ദിവസങ്ങൾ കഴിയുംതോറും കൊഴിഞ്ഞുകൊണ്ടിരിക്കുന്നത് പലരെയും ആശങ്കപ്പെടുത്താറുണ്ട്. വെള്ളവും ചൂടുമാണ് അതിന്റെ കാരണമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ അതിനുമപ്പുറം മുടി കൊഴിച്ചിലിന് മറ്റ് പല കാരണങ്ങളുമുണ്ട്.
പാരമ്പര്യമായി ചിലരിൽ കഷണ്ടിയും മുടികൊഴിച്ചിലും കാണാറുണ്ട്. എന്നാൽ ഇതിനപ്പുറം താരൻ പ്രധാനപ്പെട്ട ഒരു കാരണമായേക്കാം. ശിരോചർമ്മത്തിലെ വൃത്തിയില്ലായ്‌മയാണ് താരനുണ്ടാകാനുള്ള കാരണം. യുഎഇയിൽ ചൂട് കൂടുതലായതിനാൽ വിയർപ്പും എണ്ണയുമെല്ലാം തലയോട്ടിയിൽ തങ്ങി നിൽക്കുന്നതോടെയാണ് താരൻ വർധിക്കുന്നത്. ആരോഗ്യമുള്ള മുടിയിഴകൾക്ക് ആരോഗ്യമുള്ള ശരീരവും ആവശ്യമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി വളരാൻ സഹായിക്കും. വൈറ്റമിൻ സി, വൈറ്റമിൻ-ഡി, വൈറ്റമിൻ-ബി കോംപ്ലക്‌സ്, വൈറ്റമിൻ ഇ എന്നിവയും മഗ്നീഷ്യം, സിങ്ക്, സെലനിയം എന്നി ധാതുലവണങ്ങളും മുടിയുടെ വളർച്ചക്ക് സഹായിക്കും.
മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരിൽ പൊതുവെ മുടി കൊഴിച്ചിൽ കാണപ്പെടാറുണ്ട്. കൂടാതെ സ്ത്രീകളിൽ ഗർഭകാലത്തെ ഹോർമോണുകളുടെ പ്രവർത്തനവും ഗർഭാനന്തരമുള്ള ഹോർമോണുകളുടെ പ്രവർത്തനവും തമ്മിലുള്ള വ്യതിയാനവും മുടി കൊഴിച്ചിലിന് കാരണമാകും. തൈറോയാഡ് ഹോർമോണുകളുടെയും പിറ്റ്യൂറ്ററി ഹോർമോണുകളുടെയും അളവ് കുറയുന്നതും പോളിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രോം ഉള്ളവരിലും മുടി കൊഴിച്ചിൽ ഉണ്ടാകാം. മാത്രമല്ല ഉറക്കമില്ലായ്മയും മരുന്നുകളുടെയും മറ്റും പാർശ്വഫലങ്ങളും ഇതിന് കാരണമാകാം.
ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ഇതോടൊപ്പം പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുകയും മുടി കൊഴിച്ചിലിന്റെ കാരണം മനസിലാക്കി കൃത്യമായ ചികിത്സകൾ നടത്തുകയും ചെയ്താൽ ഇവ ഒരുപരിധിവരെ തടയാൻ സാധിക്കും.