യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. ഇപ്പോൾ മുൻകൂർ ജാമ്യത്തിനായി നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ ഉന്നയിച്ചാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണ് സിദ്ദിഖിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡനത്തിനിരയായതെന്നാണ് നടി പൊലീസിനോടു വെളിപ്പെടുത്തിയത്.