ഇന്ത്യ- യുഎഇ ബന്ധം വിശാലമാക്കുന്നതിന്റെ സാധ്യതകൾ ചര്‍ച്ചചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദും. അബുദാബിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യം, സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകി എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചര്‍ച്ചയായി.
പെട്രോളിതര കയറ്റുമതിയില്‍ വര്‍ദ്ധന
മെയ് ഒന്നിന് സിഇപിഎ കരാർ നിലവിൽ വന്നതിന് ശേഷം യുഎഇയിലേക്കുള്ള ഇന്ത്യയുടെ പെട്രോളിതര കയറ്റുമതി 14 ശതമാനമാണ് ഉയർന്നത്. ഇരു രാജ്യങ്ങളിലെയും വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും വാഗ്ദാനമായ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിശാലമായ ബന്ധത്തിനാണ് കൂടുതല്‍ ചര്‍ച്ചകളെന്ന് യുഎഇ വിദേശകാര്യമന്ത്രി വ്യക്തമാക്കി. സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കും.
ജി20 അധ്യക്ഷ പദവിയക്ക് പിന്തുണ
ജി20 യുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനെക്കുറിച്ചും ഗ്രൂപ്പിലെ അതിഥി രാജ്യമായി യുഎഇയെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു. ജി20 യുടെ അധ്യക്ഷസ്ഥാനം ലഭ്യാമായ ഇന്ത്യയ്ക്ക് യുഎഇയുടെ പിന്തുണയും ശൈഖ് അബ്ദുള്ള ആവർത്തിച്ചു. ഈ വർഷം രൂപീകരിച്ച I2U2 ഗ്രൂപ്പ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളും സംഘടനകളും ഉൾപ്പെടുന്ന സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ബ്രിക്‌സ്, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ എന്നിവയ്ക്കുള്ളിലെ ഭാവി സഹകരണ സാധ്യതകളും മന്ത്രിമാർ ചർച്ച ചെയ്തു.