ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ ഒരുമിപ്പിക്കുന്നു. ഇതിനായി നോർക്കയുടെ നേതൃത്വത്തിൽ ‘ലോക കേരളം’ എന്ന പേരിൽ ഒരു പോർട്ടലാണ് ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ തത്സമയ വിവരശേഖരണത്തിന്റെ ഭാഗമായാണ് പോർട്ടൽ ആരംഭിച്ചത്.
ലളിതമായ അഞ്ച് സ്റ്റെപ്പുകളിലൂടെ പ്രവാസി മലയാളികൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. www.lokakeralamonline.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതിനുശേഷം ഡിജിറ്റല്‍ ഐ.ഡി കാര്‍ഡും ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒരാഴ്ചയായി പോർട്ടലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്. ഇതിനോടകം നിരവധി പ്രവാസികളാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ അംഗത്വമെടുത്തത്. ആഗോളകേരള കൂട്ടായ്മ എന്ന രീതിയിലാണ് പോർട്ടലിനെ രൂപകല്പന ചെയ്തിരിക്കുന്നത്. പ്രവാസി മലയാളികളുടെ ആശയ കൈമാറ്റം, പ്രൊഫഷണൽ കൂട്ടായ്മകള്‍, ബിസിനസ്/തൊഴിലവസരങ്ങൾ ലഭ്യമാക്കുക, സാംസ്കാരിക കൈമാറ്റങ്ങള്‍ തുടങ്ങിയവ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പോർട്ടൽ ആരംഭിച്ചത്.