ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഐഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. രണ്ട് സീറ്റ് വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ഇടതുമുന്നണി തള്ളി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് മാത്രമായിരിക്കും മത്സരിക്കുക. കഴിഞ്ഞ തവണ ജയിച്ച കോട്ടയത്തിന് പുറമെ പത്തനംതിട്ടയോ ഇടുക്കിയോ കൂടി വേണം എന്നായിരുന്നു കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം.
അതേസമയം സീറ്റുകൾ വച്ചു മാറേണ്ട എന്നും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ അതത് പാർട്ടികൾ തുടരട്ടെ എന്നും തീരുമാനിച്ചു. ആര്‍ജെഡിയും സീറ്റ് ആവശ്യം ഉന്നയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം വേണമെന്ന നിലപാടിലായിരുന്നു ആര്‍ജെഡി. 1952 മുതല്‍ കേരളത്തില്‍ സോഷ്യലിസ്റ്റുകള്‍ മത്സരിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സീറ്റ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ സ്ഥിതി തുടരുമെന്നും സോഷ്യലിസ്റ്റുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 14ന് ജില്ലാ എൽഡിഎഫ് യോഗങ്ങളും ചേരും.