2023 ലെ ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി അർജന്റീനിയൻ താരം ലയണൽ മെസ്സി. കിലിയൻ എംബാപ്പെ, മാക്‌സ് വെർസ്റ്റാപ്പൻ, റാഫേൽ നദാൽ എന്നിവരെ മറി കടന്നാണ് താരം അവാർഡ് സ്വന്തമാക്കിയത്. അതേസമയം കരിയറിൽ രണ്ടാം തവണയാണ് ലയണൽ മെസി ലോറസ് പുരസ്‌കാരം നേടുന്നത്. രണ്ട് തവണ ലോറസ് അവാർഡ് നേടുന്ന ഒരേയൊരു ഫുട്ബോൾ താരം കൂടിയാണ് മെസ്സി.
ലയണൽ മെസി, കിലിയൻ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ, രണ്ട് തവണ ഫോർമുല ഒരു ലോക ചാമ്പ്യനായ മാക്സ് വെർസ്റ്റാപ്പൻ, എൻബിഎ താരം സ്റ്റീഫൻ കറി, മോണ്ടോ ഡുപ്ലാന്റിസ് എന്നിവരാണ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട താരങ്ങൾ. എന്നാൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മെസ്സിയുടെ പ്രകടനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്.
പാരീസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഭാര്യ അന്റോണല റൊക്കൂസോയ്‌ക്കൊപ്പമാണ് മെസ്സി പങ്കെടുത്തത്. 2020ൽ ബെർലിനിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ അവാർഡ് മെസ്സി ഏറ്റുവാങ്ങിയത്. ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണുമായി തുല്യ വോട്ടുകൾ നേടി താരം അവാർഡ് പങ്കിട്ടു.