സൗദി അറേബ്യയിൽ ബസ് സർവിസ് നടത്താൻ വിദേശ കമ്പനികൾക്ക് ലൈസൻസ്. മുഴുവൻ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലുള്ള ദീർഘദൂര സർവിസിന് ലൈസൻസ് ലഭിച്ച മൂന്ന് കമ്പനികളുടെ ബസുകൾ ഇതിനോടകം സൗദിയിൽ ഓടിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 76 റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ ബസ് സർവിസ് നടത്തുന്നത്.
വടക്കുപടിഞ്ഞാറൻ മേഖലയിൽ നോർത്ത് വെസ്‌റ്റ് കമ്പനി, വടക്കൻ സൗദിയിൽ ദർബ് അൽ വതൻ, തെക്കൻ മേഖലയിൽ സാറ്റ് എന്നീ കമ്പനികളാണ് ബസ് സർവിസുകൾ ആരംഭിച്ചിരിക്കുന്നത്. കൂടാതെ, ദർബ് അൽവതൻ കമ്പനി 26 റൂട്ടുകളിൽ 75ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 124 സർവിസുകൾ നടത്തുകയും ചെയ്യും. നോർത്ത് വെസ്‌റ്റ് ബസ് കമ്പനി 23 റൂട്ടുകളിൽ 70ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 190 സർവിസുകളും സാറ്റ് 27 റൂട്ടുകളിൽ 80ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സർവിസുകളുമാണ് നടത്തുന്നത്.
18 ലക്ഷം യാത്രക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കൂടാതെ റിയാദ്, ദമ്മാം, ജിദ്ദ, മക്ക, മദീന,യാംബു, ജുബൈൽ, ഹഫർ അൽബാത്വിൻ, ബുറൈദ തുടങ്ങി 65 ചെറിയ ബസ് സ്റ്റേഷനുകളും ഏഴ് പ്രധാന സ്റ്റേഷനുകളും പുതിയ സർവിസ് ശൃംഖലയുടെ ഭാഗമാകും.കൂടാതെ പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ജി.പി.എസ് ട്രാക്കിങ് സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടെയാണ് ബസുകൾ ഓടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.