ലെറ്റേഴ്സ് ഓഫ് ലൈറ്റ് പ്രദർശനം ഇന്ന് ലൂവർ അബുദാബിയിൽ ആരംഭിച്ചു. 2024 ജനുവരി 14 വരെ നീണ്ടുനിൽക്കുന്ന പ്രദർശനം പ്രധാനപ്പെട്ട മൂന്ന് അബ്രഹാമിക് മതഗ്രന്ഥങ്ങളെ പ്രമേയമാക്കി നടത്തപ്പെടുന്നതാണ്. ബിബ്ലിയോതെക് നാഷണൽ ദി ഫ്രാൻസ്, ഫ്രാൻസ് മ്യൂസിയംസ് എന്നിവയുമായി സഹകരിച്ചാണ് ലെറ്റേഴ്സ് ഓഫ് ലൈറ്റ് പ്രദർശനം സംഘടിപ്പിക്കുന്നത്.
യഹൂദമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയുടെ പുരാതനമായ മതഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയാണ് ലെറ്റേഴ്സ് ഓഫ് ലൈറ്റ് പ്രദർശനം ഒരുക്കിയത്. ഈ മതങ്ങളുടെ ഗ്രന്ഥങ്ങൾ, അവയുടെ കൈയെഴുത്ത്പ്രതികൾ, ഇവയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ, കാലിഗ്രാഫി രൂപങ്ങൾ മുതലായവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ഭാഷകളിൽ നിന്നും, സംസ്കാരങ്ങളിൽ നിന്നുമുള്ള ഈ മതഗ്രന്ഥങ്ങളുടെ പതിപ്പുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലൂവർ അബുദാബി, ലൂവർ പാരീസ്, ബിബ്ലിയോതെക് നാഷണൽ ദി ഫ്രാൻസ് തുടങ്ങിയ മ്യൂസിയങ്ങളിൽ നിന്നുള്ള 240-ൽപരം കലാസൃഷ്ടികൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ, ചിത്രപ്പണികൾ, തുണിത്തരങ്ങൾ, പെയിന്റിങ്ങുകൾ എന്നിവയും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.