മഴയുണ്ടെങ്കിൽ തലേദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അവധി പ്രഖ്യാപിക്കാൻ വൈകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം.
മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്നതിനുള്ള നയം സ്വീകരിക്കണം. അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ കുട്ടികളിൽ പലരും വീട്ടില്‍നിന്ന് ഇറങ്ങി കഴിഞ്ഞിരിക്കും. അത് മൂലം പല അസൗകര്യങ്ങളും വരാനുള്ള സാധ്യതയുണ്ട്. അവധി കൊടുക്കുകയാണെങ്കിൽ തലേദിവസം കൊടുക്കണം. ആ നിർദേശം ജില്ലാ കലക്ടർമാർക്ക് കൊടുത്തിട്ടുണ്ട്. അവർക്കാണല്ലോ അവധി കൊടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
അതേസമയം കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിൽ ഇന്നു രാവിലെയായിരുന്നു അവധി പ്രഖ്യാപിച്ചത്. കൂടാതെ കാസർകോട് ജില്ലയിലെ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി നൽകിയിട്ടുണ്ട്.