കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ചുമതല ഏറ്റെടുത്തപ്പോൾ പറഞ്ഞ വാക്ക് ഉമാ തോമസിലൂടെ പാലിച്ചിരിക്കുന്നു. കോണ്‍ഗ്രസിന് മുന്നോട്ടുളള കുതിപ്പിന് തൃക്കാക്കരയില്‍നിന്ന് ഒരു പ്രകാശനാളം ജ്വലിച്ചിരിക്കുന്നു.
വെറുമൊരു വിജയമല്ല ഉമ തോമസിന്‍റേത്. മണ്ഡല ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത റെക്കോര്‍ഡ് ലീഡ് നിലയോടെയാണ് ജൈത്രയാത്ര. പിടി തോമസിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ യുഡിഎഫിന്‍റെ
പൊന്നാപുരം കോട്ട കൂടുതല്‍ കെട്ടുറപ്പോടെ ഉമ തോമസ് കാത്തു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ മുന്നണികളുടെ പലതരം രാഷ്ട്രീയ തന്ത്രങ്ങളുടെ വേദിയായി തൃക്കാക്കര മാറി. വികസനം ഉറപ്പ്.. സെഞ്ച്വറി ഉറപ്പ് മുദ്രാവാക്യവുമായി എല്‍ഡിഎഫ് പ്രചരണരംഗത്ത് വന്‍ മുന്നേറ്റം നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എംഎല്‍എമാരും നേതാക്കളും മണ്ഡലത്തില്‍ തമ്പടിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്‍റെ തുടര്‍ച്ച തൃക്കാക്കരയിലുണ്ടാകുമെന്നായിരുന്നു ഇടത് വിലയിരുത്തല്‍.
കെ.റെയില്‍ നിലപാടുകളും ജനങ്ങളുടെ എതിര്‍പ്പും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സജീവമായത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടത് പക്ഷം ജാതി-മത വോട്ടുബാങ്ക് പരീക്ഷിച്ചെന്ന് യുഡിഎഫ് ആവര്‍ത്തിച്ചപ്പോൾ
പി.ടി തോമസ് എന്നും എതിര്‍ത്തിരുന്ന ബന്ധുരാഷ്ട്രീയവും സ്ഥാനാര്‍ത്ഥിത്വ വും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് ഇടതുപക്ഷവും വിളിച്ചുപറഞ്ഞു.പകരം ഹൃദയപക്ഷത്തെ ഉയര്‍ത്തിക്കാട്ടി ഡോ. ജോ ജോസഫ് ചെങ്കോടി പാറിക്കുമെന്ന് എല്‍ഡിഎഫ് ക്യാമ്പ് കണക്കുകൂട്ടി.
വിജയത്തിലേക്കു കുതിക്കാനുളള യാതൊന്നും ബിജെപിയ്ക്ക് മണ്ഡലത്തില്‍ ഇല്ലെന്നിരിക്കെ ഒ. രാജഗോപാലിന് ശേഷം നിയമസഭയിലെത്തുന്ന ബിജെപി പ്രതിനിധിയാകും താനെന്ന എ.എന്‍ രാധാകൃഷണന്‍റെ നിലപാട് വെറും പറച്ചില്‍ മാത്രമായിരുന്നു. പാളയത്തില്‍ വോട്ടുചോര്‍ച്ചയുണ്ടാകാതിരിക്കാനാണ് സംസ്ഥാന വൈസ് പ്രസിഡന്‍റിനെത്തന്നെ കളത്തിലിറക്കിയത്. യുഡിഫ് വോട്ടുകൾ ഭിന്നിക്കാതിരിക്കാനുളള തീവ്രശ്രദ്ധ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായതും ഇടതുപക്ഷത്തിന് തിരിച്ചടിയായി.
ജോ ജോസഫിനെതിരേ അധമരാഷ്ട്രീയത്തിന്‍റെ വീഡിയോകൾ പ്രചരിച്ചതും മണ്ഡലത്തിലെ ജനങ്ങൾ കണക്കിലെടുത്തില്ല. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളില്‍ ആ പ്രചാരണ തന്ത്രം അവസാനിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ പ്രതിയെ അറസ്്റ്റുചെയ്ത പൊലീസ് തന്ത്രവും വോട്ടായി മാറിയില്ല.
അതേസമയം തോമസ് മാഷിനെപ്പോലുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളും എല്‍ഡിഎഫിന് വിജയപ്രതീതി നല്‍കിയിരുന്നു. യുഡിഎഫ് കോട്ടയില്‍ വോട്ടുശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയും എല്‍ഡിഎഫിന് ഉണ്ടായിരുന്നു. തങ്ങളുടെ എല്ലാ വോട്ടുകൾ ഉറപ്പിച്ചെന്ന ആത്മവിശ്വാസവും. പക്ഷേ വോട്ടെണ്ണിത്തുടങ്ങിയപ്പോൾ ഇടതിന്‍റെ ഉറപ്പുകൾ ഒാരോന്നായി ഇളകുന്ന കാഴ്ചയാണ് തൃക്കാക്കരയിലുണ്ടായത്.
ജനം ഉമ പക്ഷത്തിനൊപ്പം നിന്നെന്നാണ് രാഷ്ട്രീയ ലോകത്തെ വിലയിരുത്തല്‍. എന്തായാലും രാഷ്ട്രീയ നേട്ടം യുഡിഎഫിന് അനുകൂലമാകുമ്പോൾ ഇടതുപക്ഷത്തിന് തിരിഞ്ഞുനോട്ടവും തിരുത്തലുകളും അനിവാര്യമാകും. കാരണം ഉമ തോമസിന്‍റേത് ചരിത്ര വിജയമാണല്ലൊ..