വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരുക്ക്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. കാലിന് പരുക്കേറ്റ ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനുമുൾപ്പെടെ 9 പേർക്ക് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് വാഹനാപകടം.
ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാലാണ് ശ്രുതി രക്ഷപ്പെട്ടത്. ഇപ്പോൾ കൽപറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിയുടെ ഏക ആശ്വാസം ജെൻസനാണ്. വയനാട് ദുരന്തത്തിന് ഒരു മാസം മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.