റമദാൻ ആരംഭിച്ചതോടെ മക്കയിലേയ്ക്കും മദീനയിലേയ്ക്കും നിരവധി വിശ്വാസികളും സന്ദർശകരുമാണ് എത്തുന്നത്. റമസാൻ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിൽ മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ എത്തിയത് ലക്ഷക്കണക്കിന് വിശ്വാസികളാണ്.
പ്രവാചകൻ്റെ പള്ളിയിലെ വിശ്വാസികളുടെ എണ്ണം ആദ്യ പത്ത് ദിവസങ്ങളിൽ 9,818,474 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏകദേശം 1,95,800 കുപ്പി സംസം വെള്ളമാണ് ഇവിടെ നിന്നും വിശ്വാസികൾക്കായി വിതരണം ചെയ്തത്. ഇതിനുപുറമെ പ്രവാചകന്റെ പള്ളിയിൽ 2,90,853 പ്രാതൽ ഭക്ഷണപൊതികളും വിതരണം ചെയ്തിരുന്നു.
സന്ദർശകരുടെ എണ്ണം കൂടിയതോടെ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് അധികൃതർ. അതോടൊപ്പം പ്രവാചകന്റെ പള്ളി അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളിൽ ആതീവ ശ്രദ്ധയാണ് പുലർത്തുന്നത്.