തൊഴിലാളികളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി യുഎഇ. രാജ്യത്തെ എല്ലാ തൊഴിലാളികളുടേയും ചികിത്സാ ചെലവ് തൊഴിലുടമ വഹിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. ഇന്‍ഷുറന്‍ കമ്പനിയുമായി സഹകരിച്ചോ അംഗീകൃത ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടൊ തൊഴിലുടമ ചികിത്സയും മരുന്നും ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമാവലി തൊഴില്‍ സ്ഥാപനങ്ങൾക്ക് നിര്‍ബന്ധമാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
തൊഴിലാളികളുടേയും ജീവനക്കാരുടേയും ആരോഗ്യപരിരക്ഷ സ്പോണ്‍സര്‍മാരുടെ ബാധ്യതയാണെന്നും മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കി. തൊഴിലാളികൾ രോഗികൾ ആവുകയൊ പണിസ്ഥലത്തുവെച്ച് പരുക്കേല്‍ക്കുകയൊ ചെയ്താന്‍ ചികിത്സിപ്പേണ്ട ഉത്തരവാദിത്വം തൊഴിലുടമയ്ക്കാണ്. ഭാഗികമായി ചികിത്സാ ചെലവ് വഹിച്ചാല്‍ മതിയാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ചികിത്സാ കാലത്ത് ശമ്പളത്തോടുകൂടിയ അവധിയും അനുവദിക്കണം. ചികിത്സയുടെ ഭാഗമായ യാത്രകളുടെ ചെലവും വഹിക്കണം. തൊഴിലിനോടനുബന്ധിച്ച് പരുക്കേല്‍ക്കുകയാണെങ്കില്‍ പുനരധിവാസം ഉൾപ്പെടെ തൊഴിലുടമയുടെ ബാധ്യതയാണ്.
സേവനം നിര്‍ത്തുമ്പോഴും മറ്റൊരു ജോലിയിലേക്ക് മാറുമ്പോഴും തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണം. ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ച് പ്രാഥമിക ശുശ്രൂഷ വസ്തുക്കളും മരുന്നുകളും, പണിസ്ഥലത്ത് കരുതണം, സ്ഥാപനങ്ങൾ അധികൃതരുടെ പകര്‍ച്ചവ്യാധി മുന്നറിയിപ്പുകൾ പാലിക്കണം, തൊഴിലാളികളുടെ വാസസ്ഥലവും തൊഴിലിടവും ആരോഗ്യ സുരക്ഷാ വലയത്തിലാകണമെന്നും നിര്‍ദ്ദേശമുണ്ട്.