കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. കഴിഞ്ഞ മാസമാണ് ആരോഗ്യപ്രശ്നത്തെ തുടർന്ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്.
ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബറിലാണ് ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്തിന്റെ അമീറായി ചുമതലയേറ്റെടുത്തത്.
1937 ജൂൺ 25 ന് കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അൽ ജാബർ അസ്സബാഹിന്‍റെ മകനായി ജനിച്ച ഷെയ്ഖ് നവാഫ് കുവൈത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1962 ൽ 25-ാം വയസ്സിൽ ഹവല്ലി ഗവർണറായാണ് ഷെയ്ഖ് നവാഫ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 16 വർഷം ഗവർണ്ണറായി തുടർന്ന അദ്ദേഹം 1978 മാർച്ചിൽ ആഭ്യന്തരമന്ത്രിയായും തുടർന്ന് പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു.
1994 ഒക്ടോബറിൽ കുവൈത്ത് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് 2003 വരെ ആ പദവി വഹിച്ചു. തുടർന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്ന് വർഷം നിയമിതനായ ഷെയ്ഖ് നവാഫ്, 2006 ഫെബ്രുവരിയിൽ കിരീടാവകാശിയായി ചുമതലയേറ്റു.