കുവൈറ്റിലെ റസിഡൻസ് നിയമലംഘകർക്ക് പൊതുമാപ്പ് ഉപയോഗിച്ച് രാജ്യം വിടാനും റെസിഡൻസി പുതുക്കാനുമുള്ള സമയങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ രാവിലെ ഗവർണറേറ്റിലെ ശുഊൻ ഓഫീസിൽ (റെസിഡൻസി അഫേഴ്സ്) എത്തി അനധികൃത താമസക്കാർക്ക് അവരുടെ പ്രശ്നം പരിഹരിക്കാനാകും.
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം മൂന്നു മണി മുതൽ രാത്രി എട്ട് മണി വരെയാണ് മറ്റൊരു സമയം. അതേസമയം കുവൈറ്റ് വിട്ടുപോയി തിരിച്ചുവരാൻ ആഗ്രഹിക്കുന്ന നിയമലംഘകർ ഈ സമയത്ത് പാസ്‌പോർട്ടുമായോ ഔട്ട് പാസ് പോലെയുള്ള യാത്രാരേഖകളുമായോ മുബാറക് അൽകബീർ ഗവർണറേറ്റിലെയോ ഫർവാനിയ ഗവർണറേറ്റിലെയോ ശുഊൻ ഓഫീസിലെത്തി പേര് രജിസ്റ്റർ ചെയ്യണം.
എന്നാൽ, ആഭ്യന്തരമന്ത്രാലയത്തിന്റെ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത പാസ്‌പോർട്ടുള്ള, കുവൈറ്റ് വിട്ടുപോകാൻ ആഗ്രഹിക്കുന്ന നിയമലംഘകർ അഡ്മിനിസ്‌ട്രേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതില്ല. ഇവർക്ക് രാജ്യം വിട്ട് പോവാനുള്ള അനുമതിയുണ്ട്. 2024 ഏപ്രിൽ 21 ഞായറാഴ്ച മുതൽ റെസിഡൻസി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സമയം നിലവിൽ വന്നിട്ടുണ്ട്. അതേസമയം, റസിഡൻസി പ്രശ്‌നങ്ങളും പൊതുമാപ്പും സംബന്ധിച്ചുള്ള അറിയിപ്പ് മലയാളത്തിലും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത് മലയാളി പ്രവാസികൾക്കും ഗുണമാവും. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, ബംഗാളി, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾക്കൊപ്പമാണ് മലയാളവും ഇടംപിടിച്ചത്.