കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി അധികൃതര്‍. നടപടികൾ പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലവിലുളള മൂന്ന് മാസം കാലപരിധി ഒഴിവാക്കാനും നീക്കം. പദ്ധതി നടപ്പാക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ബോര്‍ഡിന്‍റെ അംഗീകാരം തേടിയിരിക്കുകയാണ് മാന്‍ പവര്‍ അതോറിറ്റി.
പ്രവാസികളുടെ മാതൃരാജ്യങ്ങളിലുള്ള അംഗീകൃത ആശുപത്രികളുമായി സഹകരിച്ചാണ് മെഡിക്കല്‍ പരിശോധനകൾ പൂര്‍ത്തിയാക്കുക. ഇതിനായി പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ പരിശോധന നാല് ദിവസമാക്കി കുറയ്‍ക്കും. മറ്റ് നടപടിക്രമങ്ങളും വേഗത്തിലാക്കും. ഇതോടെ പരാതികളുടേയും അന്വേഷണങ്ങളുടേയും എണ്ണം കുറയുമെന്നും മാന്‍പവര്‍ അതോറിറ്റി വിലയിരുത്തുന്നു.
അതേസമയം പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഫീസ് നിരക്ക് ഉയരുമെന്നും സൂചനകളുണ്ട്. കൊവിഡ് പ്രതിസന്ധിക്കാലത്തെ നിയന്ത്രണങ്ങളുടെ ഭാഗമായി നിരവധി ആളുകൾ നാടുകളിലേക്ക് മടങ്ങിയിരുന്നു. പ്രവാസി താമസ വിസ സംബന്ധിച്ച് നിയമഭേദഗതികളും കുവൈറ്റിന്‍റെ പരിഗണനയിലാണ്. തൊഴിലാളി ക്ഷാമം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം.