വിസ നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈത്ത്. സർക്കാർ ഓഫീസുകളിലെയും വിവിധ വകുപ്പുകളിലെയും കുടിശികയുള്ള വിദേശികളുടെ വിസ ഇന്നു മുതൽ പുതുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ വിസ പുതുക്കാനും സ്പോൺസർഷിപ്പ് മാറ്റാനും കുടിശിക തീർക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണ് പ്രവാസികൾ. ഗതാഗതം, ജലവൈദ്യുതി, നീതിന്യായം തുടങ്ങിയ സർക്കാർ ഓഫീസുകൾ സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്.
ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. കുടിശിക തീർക്കുന്നതോടൊപ്പം ആരോഗ്യ മന്ത്രാലയം വഴി ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ തെളിവും വിദേശികൾ ഹാജരാക്കണം. കുടിശികയുള്ളവർക്ക് കുവൈത്തിൽ യാത്രാവിലക്കും ഇതിനോടകം നടപ്പാക്കിയിരുന്നു. വിമാനത്താവളം ഉൾപ്പെടെ കര, നാവിക, വ്യോമ പ്രവേശന കവാടങ്ങളിൽ എത്തുന്ന പ്രവാസികളിൽ നിന്ന് തുക ഈടാക്കാൻ പ്രത്യേക ഓഫീസും തുറന്നിരുന്നു. വിസ പുതുക്കാനോ സ്പോൺസർഷിപ് മാറ്റാനോ ഉള്ളവർക്ക് സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വഴിയോ സഹ്ൽ ആപ് വഴിയോ കുടിശിക തീർക്കാൻ സാധിക്കും.