നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത താമസസ്ഥലങ്ങളിൽ താമസിക്കുന്ന പ്രവാസികളെ മൂന്നോ നാലോ ദിവസത്തിനകം നാടുകടത്തുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു. പാർപ്പിട ചട്ടങ്ങൾ പാലിക്കുന്നതിനും എല്ലാ താമസക്കാർക്കും സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധ നടപടിയുടെ ഭാഗമായാണ് ഈ നീക്കം.
നിലവിലെ സൗകര്യങ്ങൾ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് കരുതുന്നതിനാൽ ഈ തൊഴിലാളികൾക്കായി പുതിയ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മംഗഫിലെ വിനാശകരമായ തീപിടുത്തത്തെ തുടർന്നാണ് പ്രഖ്യാപനം. ഏഴ് നിലകളുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ഗാർഡിൻ്റെ മുറിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതിന് പ്രധാന കാരണം.
തീപിടുത്തത്തിൽ 46 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പീൻസുകാരും ഒരു അജ്ഞാതനും ഉൾപ്പെടെ 50 പേർ മരിച്ചിരുന്നു. കെട്ടിടത്തിൽ 196 കുടിയേറ്റ തൊഴിലാളികളാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരായിരുന്നു.
അതേസമയം സംഭവത്തിൻ്റെ പേരിൽ നാല് ഈജിപ്തുകാരും മൂന്ന് ഇന്ത്യക്കാരും ഒരു കുവൈറ്റ് പൗരനുമാണ് കസ്റ്റഡിയിലായത്. ഇവർക്കെതിരേ നരഹത്യ, തീപിടുത്തവുമായി ബന്ധപ്പെട്ട അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അൽ അഹമ്മദി ഗവർണറേറ്റിലെ മുതിർന്ന മുനിസിപ്പൽ ഉദ്യോഗസ്ഥരെ അന്വേഷണങ്ങൾ പൂർത്തിയാകുന്നതുവരെ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.