ദീർഘകാലമായി നിർത്തിവച്ചിരുന്ന സന്ദർശന വീസകൾ ബുധനാഴ്ച മുതൽ കുവൈറ്റ് പുനരാരംഭിക്കുന്നു. ടൂറിസ്റ്റ് വീസ, ഫാമിലി വിസിറ്റ് വീസ, കൊമേഴ്സ്യൽ വിസിറ്റ് വീസ എന്നിവയ്ക്ക് മെറ്റ പ്ലാറ്റ്ഫോം വഴി അപ്പോയ്മെന്റ് എടുത്ത് അതാത് ഗവർണറേറ്റുകളിലെ റെസിഡൻസി കാര്യ വിഭാഗത്തിലെത്തി അപേക്ഷ സമർപ്പിക്കാം.
400 ദിനാർ (ഒരു ലക്ഷത്തിലേറെ രൂപ) ശമ്പളമുള്ള വിദേശികൾക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ ഫാമിലി വിസിറ്റ് വീസയിൽ കുവൈറ്റിലേക്ക് കൊണ്ടുവരാൻ കഴിയും. എന്നാൽ സഹോദരങ്ങൾ, ജീവിതപങ്കാളിയുടെ മാതാപിതാക്കൾ തുടങ്ങിയ മറ്റു ബന്ധുക്കളെകൂടി ഫാമിലി വിസിറ്റ് വീസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 800 ദിനാർ (2.1 ലക്ഷം രൂപ) ശമ്പളം ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
ഫാമിലി വിസ
സന്ദർശന വീസയിൽ രാജ്യത്തേക്ക് കൊണ്ടുവരുന്നവർക്ക് കുവൈറ്റ് ദേശീയ വിമാനങ്ങളിൽ മടക്ക യാത്രാ ടിക്കറ്റ് നിർബന്ധമായും എടുത്തിരിക്കണം. സന്ദർശന വീസ റെസിഡൻസ് വീസയാക്കി മാറ്റില്ലെന്നുള്ള സത്യവാങ്മൂലവും സമർപ്പിക്കേണ്ടതായിട്ടുണ്ട്. മാത്രമല്ല, ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയും ചെയ്യും. വീസ തീരുന്നതിന് മുൻപ് രാജ്യം വിട്ടില്ലെങ്കിൽ സ്പോൺസർക്കും സന്ദർശകനുമെതിരെ നിയമ നടപടി സ്വീകരിക്കും.
ടൂറിസ്റ്റ് വീസ
53 രാജ്യക്കാർക്ക് വീസ ഓൺ അറൈവൽ ടൂറിസ്റ്റ് വീസയും അനുവദിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യക്കാർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (www.moi.gov.kw) അപേക്ഷിച്ച് മുൻകൂട്ടി വീസ എടുത്തിരിക്കണം. ജിസിസി രാജ്യങ്ങളിലെ താമസക്കാരായ പ്രഫഷണലുകൾക്കും ഹോട്ടലുകളോ കമ്പനിയോ മുഖേന ടൂറിസ്റ്റ് വീസ ലഭ്യമാണ്.
കൊമേഴ്സ്യൽ വിസിറ്റ് വീസ
കുവൈറ്റ് കമ്പനിയുടെയോ സ്ഥാപനത്തിന്റെ അഭ്യർഥന പ്രകാരം കൊമേഴ്സ്യൽ വിസിറ്റ് വീസയും അനുവദിക്കുന്നുണ്ട്. സന്ദർശകന് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർവകലാശാല ബിരുദമോ സാങ്കേതിക യോഗ്യതകളോ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.
അതേസമയം ദീർഘകാലമായി നിർത്തിവച്ചിരുന്ന ഫാമിലി വിസിറ്റ് വീസ പുനരാരംഭിച്ചതിൽ സന്തോഷത്തിലാണ് കുവൈറ്റിലെ പ്രവാസി മലയാളികളും കുടുംബാംഗങ്ങളും. എന്നാൽ കുവൈറ്റ് ദേശീയ എയർലൈനുകളിൽ യാത്ര ചെയ്യണമെന്ന നിബന്ധന മലബാറുകാരെ കൂടുതൽ പ്രയാസത്തിലാക്കുമെന്നാണ് നിഗമനം. കോഴിക്കോട്, കണ്ണൂർ, മംഗലാപുരം എയർപോർട്ടുകളിൽ നിന്ന് കുവൈറ്റ് ദേശീയ എയർലൈനുകൾക്ക് നേരിട്ടു വിമാന സർവീസില്ലാത്തത് മലബാറിലെ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കും. മാത്രമല്ല ഇവർ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്ക് സഞ്ചരിക്കേണ്ടതായും വരും. അല്ലെങ്കിൽ മറ്റു ഏതെങ്കിലും സെക്ടർ വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നത് ഇവരെ പ്രയാസത്തിലാക്കും.