ഇപ്പോൾ എല്ലായിടത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സ്വാധീനമുണ്ട്. അത്തരത്തിൽ എഐ അധിഷ്ഠിതമായുള്ള പഠനസംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കുവൈറ്റ് യൂണിവേഴ്‌സിറ്റി. നാളെ ചേരുന്ന സർവ്വകലാശാല കൗൺസിൽ യോഗത്തിൽ ഇത് സംബന്ധമായ വിഷയം ചർച്ച ചെയ്യും.
യൂണിവേഴ്‌സിറ്റി ആക്ടിംഗ് ഡയറക്ടർ ഡോ. നവാഫ് അൽ മുതൈരിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഫാക്കൽറ്റി അംഗങ്ങളുടെ പ്രമോഷൻ, അക്കാദമിക് ഗ്രേഡിംഗ്, അന്താരാഷ്ട്ര ടെസ്റ്റ് സ്‌കോറുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. ആർട്ടിഫിഷ്യൽ ഇൻറലിജൻസിനും കോഡിംഗ് പഠനത്തിനുമായുള്ള ആഗോള പാഠ്യപദ്ധതിയാണ് സർവ്വകലാശാല ആലോചിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തെ വിദ്യാർഥികൾക്ക് ഹ്യൂമൻ എ.ഐ ഇന്ററാക്ഷൻ, ന്യൂറൽ നെറ്റ് വർക്കിംഗ്, മെഷീൻ ലേണിംഗ് തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യകൾ പഠിക്കാനും സാധിക്കും.