കുവൈത്തിൽ വേനൽച്ചൂട് ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാർത്ഥനാസമയം 15 മിനിറ്റാക്കി കുറച്ചു. ഖുതുബ (പ്രഭാഷണം) നമസ്‌കാരവും 15 മിനിറ്റിനകം തീർക്കണമെന്നാണ് മതകാര്യ മന്ത്രാലയത്തിൻ്റെ നിർദേശം.
ചൂട് കൂടുന്നതിനാൽ പള്ളികളിൽ പ്രാർത്ഥനയ്ക്കെത്തുന്നവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. രാജ്യത്തെ ആശുപത്രികൾക്കും മാർക്കറ്റുകൾക്കും സമീപമുള്ള പള്ളികളിൽ നിയമം കർശനമായി പാലിക്കണമെന്ന് ഇമാമുമാരെ അറിയിച്ചതായി ക്യാപ്പിറ്റൽ മോസ്‌ക്‌സ് വിഭാഗം ഡയറക്ടർ അബ്‌ദുൽ ഹമീദ് അൽ മുതൈരി അറിയിച്ചു.
രാജ്യത്ത് ചൂട് കനത്തതോടെ പുറം തൊഴിലാളികൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ മധ്യാഹ്ന ഇടവേളയും അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ വരെയാണ് കുവൈത്തിൽ ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമെ ഈ സമയത്ത് പുറത്തിറങ്ങുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.