ഒമ്പത് വർഷത്തിനിടയിലെ ആദ്യത്തെ സാമ്പത്തിക മിച്ചം കുവൈറ്റ് രേഖപ്പെടുത്തി കുവൈറ്റ്. മാർച്ചിൽ അവസാനിച്ച 2022-2023 സാമ്പത്തിക വർഷത്തെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെഡി 4.3 ബില്യൺ (14 ബില്യൺ ഡോളർ) യഥാർത്ഥ കമ്മിയിൽ നിന്ന് കെഡി 6.4 ബില്യൺ ($ 21 ബില്യൺ) മിച്ചത്തിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.
2022 ഏപ്രിലിൽ ആരംഭിച്ച സാമ്പത്തിക വർഷത്തിലെ എണ്ണ വരുമാനം കെഡി 26.7 ബില്യൺ (87 ബില്യൺ ഡോളർ) ആയിരുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 64 ശതമാനം വർധിച്ചതായി മന്ത്രാലയം അറിയിച്ചു. സാമ്പത്തിക വർഷത്തിൽ ഒരു ബാരൽ എണ്ണയുടെ ശരാശരി വില 97.1 ഡോളറാണ്, മുൻവർഷത്തെ അപേക്ഷിച്ച് 21.4 ശതമാനം വർധന. പ്രതിദിനം 2.7 ദശലക്ഷം ബാരലായിരുന്നു ഉത്പാദനം.
കഴിഞ്ഞ വർഷം 92 ശതമാനത്തിലധികം വരുമാനവും എണ്ണയിൽ നിന്നാണുണ്ടായത്. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് എണ്ണ വില ഉയർന്നതും അനുകൂല ഘടകമായി. അതേസമയം എണ്ണവിലയിലുണ്ടായ ഇടിവ് മൂലം നടപ്പ് സാമ്പത്തിക വർഷത്തെ വരുമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ സൂചിപ്പിച്ചു.
2023-2024 സാമ്പത്തിക വർഷത്തേക്കുള്ള കരട് ബജറ്റ് – ജനുവരിയിൽ പ്രസിദ്ധീകരിച്ചത് – ബാരലിന് $70 എന്ന വിലയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കിയത്. 2023-2024 ഡ്രാഫ്റ്റ് ബജറ്റ് കമ്മി വർദ്ധിക്കുന്നതായി കണക്കാക്കുന്നു, മൊത്തം വരുമാനം ഏകദേശം 63.8 ബില്യൺ ഡോളറായി കുറയുമെന്നാണ് നിഗമനം.
ലോകത്തിലെ ക്രൂഡ് ശേഖരത്തിന്റെ ഏഴ് ശതമാനവും കുവൈറ്റിലാണ്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും നിയമനിർമ്മാതാക്കളും സർക്കാരും തമ്മിലുളള തർക്കങ്ങളും മറ്റുമാണ് കുവൈറ്റിനെ പ്രതിസന്ധിയിലാക്കുന്നത്. എങ്കിലും വെല്ലുവിളികളെ മറികടക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.