കുവൈത്തിലേക്കുളള നഴ്‌സിങ് റിക്രൂട്ട്മെൻ്റുകൾക്ക് ഇടനിലക്കാരില്ലെന്ന് വ്യക്തമാക്കി കുവൈത്ത്ആരോഗ്യ മന്ത്രാലയം. 2018 മുതൽ നഴ്‌സിങ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനിലക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതത് രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് നഴ്സ് ജോലിക്കായി അപേക്ഷകൾ സ്വീകരിക്കുന്നതും റിക്രൂട്ട്മെൻ്റ് പൂർത്തിയാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
ചില ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇടനിലക്കാർ വഴി നഴ്‌സിങ് റിക്രൂട്ട്‌മെൻ്റ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് വിശദീകരണം. പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും ഇത്തരം കേസുകൾ വർധിച്ചു വരുന്ന സാഹചര്യമുണ്ടെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം വിശദമാക്കി. വലിയ തുക നൽകി കെണിയിലാകുന്നവരും കുറവല്ലെന്നാണ് റിപ്പോർട്ടുകൾ.
നഴ്സിംഗ് റിക്രൂട്ട്മെൻ്റിനായി വ്യവസ്ഥകളും നടപടിക്രമങ്ങളും കുവൈത്ത് ചിട്ടപ്പെുടുത്തിയിട്ടുണ്ട്. അഭിമുഖങ്ങൾ, ടെസ്റ്റുകൾ, താൽക്കാലിക നിയമനം, ജോലിയിലെ പ്രകടനം തുടങ്ങിയ വിലയിരുത്തിയ ശേഷമാകും നിയമനം നൽകുക. അപേക്ഷകർ ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.