കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ നടപ്പാക്കിയ ഉച്ചസമയത്തെ തൊഴിൽ നിയന്ത്രണം അവസാനിപ്പിച്ചു. അന്തരീക്ഷ താപനില കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതോടെ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറുമെന്നും അധികൃതർ അറിയിച്ചു. നിയന്ത്രണം അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി അറിയിച്ചു. ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലിസമയം. നിലവില്‍ രാജ്യത്ത് ശരാശരി 45 ഡിഗ്രിക്കടുത്താണ് അന്തരീക്ഷ താപനില.
കനത്ത ചൂട് തുടങ്ങിയതോടെ ജൂൺ ഒന്നു മുതലാണ് ഉച്ചസമയത്ത് പുറംജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ചൂട് ഏറ്റവും ശക്തമാവുന്ന പകൽ 11 മുതൽ വൈകീട്ട് നാലു വരെയാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. കൂടാതെ നിർമാണ മേഖലയിലെ ഉൾപ്പെടെ തൊഴിലാളികളെ കനത്ത ചൂടിൽനിന്ന് സംരക്ഷിക്കാൻ കൂടിയായിരുന്നു നിയന്ത്രണം.
അതേസമയം, നിരോധിത കാലയളവില്‍ നടത്തിയ പരിശോധനയില്‍ 362 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അൽ ഒതൈബി അറിയിച്ചു. രാജ്യത്ത് കനത്ത് ചൂട് നിലനിൽക്കുന്ന മാസങ്ങളായ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് എല്ലാ വർഷവും ഉച്ചവിശ്രമ നിയമം പ്രാവർത്തികമാക്കുന്നത്. എന്നാൽ രാജ്യത്ത് വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ ആഴ്ചയോടെ ചൂടുള്ള കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും അടുത്ത ദിവസങ്ങളിൽ 40-42 ഡിഗ്രി സെൽഷ്യസിലേക്ക് താപനില കുറയുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.