കുവൈത്തിൽ വേനൽച്ചൂട് ശക്തമാകുകയാണ്. ഇതിനിടെ രാജ്യത്തെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് മുനിസിപ്പാലിറ്റി. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായാണ് അധികൃതർ സമയം തീരുമാനിച്ചിരിക്കുന്നത്.
രാവിലെ ഒമ്പത് മണിക്കും വൈകുന്നേരം മഗ്രിബ്, ഇശാ നമസ്‌കാരത്തിന് ശേഷവുമാണ് നിലവിൽ ഖബറടക്ക സമയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കനത്ത വേനൽച്ചൂടിൽ ജനങ്ങൾക്ക് ഖബറടക്ക ചടങ്ങുകളിൽ സൗകര്യപ്രദമായി പങ്കെടുക്കുന്നതിനായാണ് സമയങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
മുൻ വർഷങ്ങളിലും ചൂട് കൂടുന്ന കാലാവസ്ഥയിൽ ഖബറടക്കത്തിന്റെ സമയം പുതുക്കി നിശ്ചയിച്ചിരുന്നു. രാജ്യത്ത് ജൂണിന്റെ തുടക്കം മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിനാൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുറം ജോലിക്കാർക്ക് രാജ്യത്ത് മധ്യാഹ്ന ഇടവേളയും അനുവദിച്ചിട്ടുണ്ട്.