ഫോൺ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സെക്യൂരിറ്റി ഉദ്യോഗസ്ഥരായി ചമഞ്ഞ് ഫോൺ വഴി പലതരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നുണ്ടെന്നും പൗരന്മാരും പ്രവാസികളും ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ നിർദേശിച്ചത്.
പൊലീസ്, എംബസി, വിവിധ സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജേന പണവും മറ്റും അവശ്യപ്പെട്ടുകൊണ്ടാണ് ഫോൺ വിളികളെത്തുന്നത്. ഫോൺ കോളുകൾക്ക് പുറമെ സന്ദേശങ്ങൾ, മറ്റ് ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങൾ മുതലായവയും ദുരുപയോഗം ചെയ്ത് വിവിധ സംഘങ്ങൾ തട്ടിപ്പ് നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം കോളുകൾക്ക് മറുപടിയായി തങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും പങ്കുവെക്കരുതെന്നും യഥാർത്ഥ സ്ഥാപനമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ നൽകാൻ പാടുള്ളുവെന്നും അധികൃതർ നിർദേശിച്ചു. പ്രധാനമായും ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് രാജ്യത്തിന് പുറത്തുനിന്നാണെന്നും ഇത്തരത്തിലുള്ള ഫോൺകോളുകൾ, സന്ദേശങ്ങൾ എന്നിവ ലഭിച്ചാൽ ഉടൻ സുരക്ഷാ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.