കുവൈത്ത് മംഗഫിൽ തൊഴിലാളി പാർപ്പിട ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 2 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 4 പേരാണ് ആശുപ്രതിയിൽ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ ഒരു മലയാളിയുൾപ്പെടെ 3 ഇന്ത്യക്കാരുമുണ്ട്.
ആശുപത്രിയിൽ കഴിയുന്ന എല്ലാവരും അപകടനില തരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ആരുടെയും പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ ചികിത്സയിലിരിക്കുന്നവരെ ശുശ്രൂഷിക്കുന്നതിനായി ബന്ധുക്കൾ കുവൈത്തിലെത്തിയിരുന്നു.
ജൂൺ 12 ബുധനാഴ്ച പുലർച്ചെയാണ് അഹ്‌മദി ഗവർണറേറ്റിലെ മംഗഫിലെ ലേബർ ക്യാംപിൽ തീപിടിത്തമുണ്ടായത്. മലയാളികളുടെ കീഴിലുള്ള എൻ.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണിത്. 47 ഇന്ത്യക്കാരടക്കം 50 പേരാണ് അപകടത്തിൽ മരിച്ചത്. 40ഓളം പേരായിരുന്നു വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്നത്.