കുവൈത്ത് മംഗഫിൽ തൊഴിലാളി പാർപ്പിട ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 7 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 24 പേരാണ് ആശുപ്രതിയിൽ കഴിയുന്നത്. വെന്റിലേറ്ററിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ടതായും കമ്പനി അധികൃതർ അറിയിച്ചു.
വെന്റിലേറ്ററിൽ കഴിയുന്ന ഇന്ത്യക്കാരനായ ജിതേന്ദ്ര സിങ്ങിന്റെയും ഫിലിപ്പീൻസുകാരനായ മൈക്കിൾ ഡിസൂസയുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും എല്ലാവരും അപകടനില തരണം ചെയ്തെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് അഹ്മദി ഗവർണറേറ്റിലെ മംഗഫിലെ ലേബർ ക്യാംപിൽ തീപിടിത്തമുണ്ടായത്. മലയാളികളുടെ കീഴിലുള്ള എൻ.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണിത്. 47 ഇന്ത്യക്കാരടക്കം 50 പേരാണ് അപകടത്തിൽ മരിച്ചത്. 40ഓളം പേരായിരുന്നു വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്നത്.