കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരോടെ വിട നൽകി കേരളം. മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾക്ക് സർക്കാരിൻ്റെ ഗാർഡ് ഓഫ് ഓണർ സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ കീർത്തി വർധൻ സിങ്, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
തമിഴ്‌നാടിന് വേണ്ടി മന്ത്രി കെ. എസ്. മസ്താൻ അന്തിമോപചാരം അർപ്പിച്ചു. പിന്നീട് കുടുംബക്കാർക്ക് കൈമാറിയ മൃതദേഹങ്ങൾ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ മരണപ്പെട്ടവരുടെ വീടുകളിലേയ്ക്ക് കൊണ്ടുപോയി. യാത്രാമധ്യേ തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിന്റെ അകമ്പടിയോടെയാണ് ആംബുലൻസ് യാത്രയായത്.
തമിഴ്നാട് സ്വദേശികളുടെ മൃതദേഹം കൊണ്ടുപോകുന്നതിനായി തമിഴ്‌നാട് ഗവൺമെന്റിൻ്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിയിരുന്നു. തമിഴ്നാട്ടിലേയ്ക്കും പൊലീസ് അകമ്പടിയോടെയാണ് ആംബുലൻസ് പോകുന്നത്. മുംബൈയിലുള്ള മലയാളി ഡെന്നി ബേബി അടക്കമുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഡൽഹിക്ക് തിരിച്ചു.